ഓരായം

testwiki സംരംഭത്തിൽ നിന്ന്
16:30, 28 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- imported>Shajiarikkad (നക്ഷത്രങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടികളിലേക്ക് പോവുക തിരച്ചിലിലേക്ക് പോവുക

ഫലകം:Prettyurl ഫലകം:Infobox Constellation

ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ ഓരായം(Carina). സിറിയസ് കഴിഞ്ഞാൽ രാത്രിയിലെ രണ്ടാമത്തെ പ്രകാശമേറിയ നക്ഷത്രമായ കനോപ്പസ് ഈ നക്ഷത്രരാശിയിലാണ്‌. ഈറ്റ കരിന (η Car) ഇതുവരെ കണ്ടെത്തിയവയിൽ വച്ച് ഏറ്റവും ഭാരമേറിയ നക്ഷത്രങ്ങളിലൊന്നും സൂപ്പർനോവ ആകാൻ സാധ്യത കല്പിക്കപ്പെടുന്നതുമാണ്‌.[1]

പുരാതന നക്ഷത്രരാശിയായ ആർഗോനേവിസ് (Argo Navis) വിഭജിക്കപ്പെട്ടാണ്‌ ഓരായം, അമരം (Puppis), കപ്പൽ‌പായ (Vela) എന്ന ആധുനിക നക്ഷത്രരാശികൾ നിർമ്മിക്കപ്പെട്ടത്. ആകാശഗംഗ ഈ നക്ഷത്രരാശിയിലൂടെ കടന്നുപോകുന്നു.

ഈ നക്ഷത്രരാശിയിലെ ϵ,ι നക്ഷത്രങ്ങളും കപ്പൽ‌പായ (Vela) രാശിയിലെ δ,κ നക്ഷത്രങ്ങളും ചേർന്ന് ത്രിശങ്കു നക്ഷത്രരാശിക്കു സമാനമായ ഒരു കുരിശുരൂപം സൃഷ്ടിക്കുന്നു. ത്രിശങ്കു രാശി ഉപയോഗിച്ച് ദിശ നിർണ്ണയിക്കുന്നവരെ വഴിതെറ്റിക്കുന്ന ഇത് False Cross എന്ന് അറിയപ്പെടുന്നു.

ചരിത്രവും ഐതിഹ്യവും

ട്രോജൻ യുദ്ധത്തിനു മുമ്പ് ജേസനും ആർഗോനോട്ടുകളും സ്വർണ്ണത്തോലിനു വേണ്ടി ഏഷ്യാമൈനറിലേക്കു യാത്ര ചെയ്ത അർഗോനാവിസ് എന്ന കപ്പലിന്റെ ഭാഗമാണ് ഓരായം എന്നാണ് ഗ്രീക്ക് ഐതിഹ്യം.പുരാതന കാലത്തു തന്നെ ഗ്രീസുകാർ ആർഗോ രാശിയെ ചിത്രീകരിച്ചിരുന്നു. ഇതിന്റെ വലിപ്പവും നക്ഷത്രങ്ങളുടെ എണ്ണവും കാരണം, നികൊളാസ് ലൂയി ദെ ലകലൈൽ 1763ൽ മൂന്ന് രാശികളായി വിഭജിച്ചു.ഫലകം:Sfn പത്തൊൻപതാം നൂറ്റാണ്ടിൽ ഇവ മൂന്നും പ്രത്യേക നക്ഷത്രസമൂഹങ്ങളായി അംഗീകരിച്ചു, 1930 ൽ 88 ആധുനിക നക്ഷത്രസമൂഹങ്ങളുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി.[2] ലാകൈൽ ആർഗോയിലെ നക്ഷത്രങ്ങളെ സൂചിപ്പിക്കുന്നതിനു വേണ്ടി ഗ്രീക്ക് അക്ഷരങ്ങളും മൂന്ന് വിഭാഗങ്ങളിൽ ഓരോന്നിനും പ്രത്യേകം ലാറ്റിൻ അക്ഷരങ്ങളും ഉപയോഗിച്ചു. അതിനാൽ, ഓരായത്തിന് α, β, ε, കപ്പൽപ്പായക്ക് γ, δ, അമരത്തിന് ζ എന്നിങ്ങനെ.[3]

നക്ഷത്രങ്ങൾ

നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഓരായം

രാത്രിയിലെ ആകാശത്തിൽ തിളക്കം കൊണ്ട് രണ്ടാം സ്ഥാനമുള്ള കാനോപ്പസ് എന്ന അതിഭീമൻ നക്ഷത്രം ഓരായത്തിലാണുള്ളത്. 0.72 കാന്തിമാനമുള്ള ഈ വെള്ള നക്ഷത്രം ഭൂമിയിൽ നിന്നും 313 പ്രകാശവർഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. ഗ്രീക്കു പുരാണത്തിൽ സ്പാർട്ടയിലെ രാജാവായിരുന്ന മെനെലൗസിന്റെ നാവികനായിരുന്നു കാനോപ്പസ്.ഫലകം:Sfn

മിയാപ്ലാസിഡസ് എന്ന് വിളിക്കപ്പെടുന്ന ബീറ്റ കരീന ഭൂമിയിൽ നിന്ന് 111 പ്രകാശവർഷം അകലെയുള്ള ഒരു നീല നക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 1.7 ആണ്. ഓറഞ്ച് നിറത്തിലുള്ള ഭീമൻ നക്ഷത്രമായ എപ്സിലോൺ കരീനയുടെ കാന്തിമാനം 1.9 ആണ്. ഇത് ഭൂമിയിൽ നിന്ന് 630 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. തീറ്റ കരീന ഭൂമിയിൽ നിന്ന് 440 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്നു. ഈ നീല നക്ഷത്രത്തിന്റെ കാന്തിമാനം 2.7 ആണ്. ഐസി 2602 ക്ലസ്റ്ററിലെ ഏറ്റവും പ്രധാനപ്പെട്ട അംഗം കൂടിയാണ് തീറ്റ കരീന. ഭൂമിയിൽ നിന്ന് 690 പ്രകാശവർഷം അകലെയായി കിടക്കുന്ന വെളുത്ത നിറമുള്ള അതിഭീമൻ നക്ഷത്രമാണ് അയോട്ട കരീന. ഇതിന്റെ കാന്തിമാനം 2.2 ആണ്.ഫലകം:Sfn

ഓരായത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരനക്ഷത്രമാണ് ഈറ്റാ കരീന. ഏകദേശം സൂര്യന്റെ 100 മടങ്ങ് പിണ്ഡവും സൂര്യനെക്കാൾ 40 ലക്ഷം മടങ്ങ് പ്രകാശവും ഇതിനുണ്ട്.ഫലകം:Sfn 1677ൽ പെട്ടെന്ന് ഇതിന്റെ കാന്തിമാനം 4 ആയത് എഡ്മണ്ട് ഹാലിയുടെ ശ്രദ്ധ ആകർഷിച്ചു. കരീന നെബുല എന്നു വിളിക്കുന്ന എൻ‌ജിസി 3372നുള്ളിലാണ്നക്ഷത്രം സ്ഥിതി ചെയ്യുന്നത്.ഫലകം:Sfn 1827-ൽ ഒരു വലിയ പൊട്ടിത്തെറി ഉണ്ടാവുകയും അതിന്റെ കാന്തിമാനം 1 ആയി മാറുകയും ചെയ്തു. 1828-ൽ കാന്തിമാനം 1.5 ആയി ചുരുങ്ങുകയും ചെയ്തു. 1843ലാണ് ഇതിൽ ഏറ്റവും ശക്തമായ പൊട്ടിത്തെറി ഉണ്ടായത്.അതിന്റെ ഫലമായി ഇതിന്റെ കാന്തിമാനം -1.5 ആയി. 1843 ന് ശേഷം ഇത് താരതമ്യേന ശാന്തമായി കാണപ്പെട്ടു, 6.5 നും 7.9 നും ഇടയിലായി ഇതിന്റെ കാന്തിമാനം.ഫലകം:Sfn 1998-ൽ ഇതിൽ വീണ്ടും ശക്തമായ ഒരു പൊട്ടിത്തെറി കൂടി ഉണ്ടായി. ഇതിന്റെ ഫലമായി കാന്തിമാനം 5ലേക്ക് ഉയർന്നു. ഈറ്റാ കരീന ഒരു ദ്വന്ദ്വനക്ഷത്രമാണ്. 5.5 വർഷം കൊണ്ടാണ് ഇവ ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നത്.ഫലകം:Sfn

പ്രാധാന്യമുള്ള വേറെയും ചില ചരനക്ഷത്രങ്ങൾ കരീനയിലുണ്ട്. ലോട്ട കരീന അതിലൊന്നാണ്. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന ഏറ്റവും തിളക്കമുള്ള സെഫീഡ് ചരനക്ഷത്രം ആണിത്. മഞ്ഞ അതിഭീമൻ നക്ഷത്രമാണിത്. കുറഞ്ഞ കാന്തിമാനം 4.2ഉം കൂടിയ കാന്തിമാനം 3.3ഉം ആണ്.35.5 ദിവസം കൊണ്ടാണ് കാന്തിമാനത്തിലുള്ള ഈ മാറ്റം അനുഭവപ്പെടുന്നത്.ഫലകം:Sfn

തിളക്കമുള്ള രണ്ട് മിറ ചരനക്ഷത്രങ്ങളാണ് ആർ കരീന, എസ് കരീന എന്നിവ. രണ്ട് നക്ഷത്രങ്ങളും ചുവപ്പു ഭീമൻമാരാണ്. ആർ കരീനയുടെ ഏറ്റവും കുറഞ്ഞ കാന്തിമാനം 10.0ഉം പരമാവധി കാന്തിമാനം 4.0ഉം ആണ്. 309 ദിവസം കൊണ്ടാണ് ഈ വ്യത്യാസം അനുഭവപ്പെടുക.. ഇത് ഭൂമിയിൽ നിന്ന് 416 പ്രകാശവർഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്. എസ് കരീനയുടെ കുറഞ്ഞ കാന്തിമാനം 10.0ഉം പരമാവധി കാന്തിമാനം 5.0ഉം ആണ്. 150 ദിവസമാണ് ഈ മാറ്റത്തിനെടുക്കുന്നത്. ഭൂമിയിൽ നിന്ന് 1300 പ്രകാശവർഷം അകലെയാണ് എസ് കരീന ഉള്ളത്.ഫലകം:Sfn

നിരവധി ഇരട്ട നക്ഷത്രങ്ങളുടെയും ദ്വന്ദ്വനക്ഷത്രങ്ങളുടെയും കേന്ദ്രം കൂടിയാണ് ഓരായം. ഭൂമിയിൽ‍‍ നിന്ന് 1600 ഡഡപ്രകാശവർഷം‍‍ അകലെ കിടക്കുന്ന ഉപ്‌സിലോൺ കരീന ഒരു ദ്വന്ദ്വനക്ഷത്രമാണ്. പ്രാഥമിക നക്ഷത്രത്തിന്റെ കാന്തിമാനം 3.0ഉം ദ്വിദീയ നക്ഷത്രത്തിന്റേത് 6.0ഉം ആണ്. രണ്ട് ഘടകങ്ങളെയും ഒരു ചെറിയ അമേച്വർ ദൂരദർശിനിയിലൂടെ വേർതിരിച്ചറിയാൻ കഴിയും.ഫലകം:Sfn

കരീനയിലെ രണ്ട് ആസ്റ്ററിസങ്ങൾ പ്രധാന്യമുള്ളതാണ്. ഒരെണ്ണം 'ഡയമണ്ട് ക്രോസ്' എന്നറിയപ്പെടുന്നു. ഇത് തെക്കൻ കുരിശിനേക്കാൾ വലുതും മങ്ങിയതുമാണ്. നക്ഷത്രസമൂഹത്തിലെ മറ്റൊരു ആസ്റ്ററിസം ഫാൾസ് ക്രോസ് ആണ്. ഇത് പലപ്പോഴും തെക്കൻ കുരിശാണ് എന്ന് തെറ്റിദ്ധരിക്കാൻ സാദ്ധ്യതയുണ്ട്. ഫാൾസ് ക്രോസിൽ ഓരായത്തിലെ അയോട്ട കരീന, എപ്സിലോൺ കരീന എന്നീ രണ്ടു നക്ഷത്രങ്ങളും കപ്പൽപ്പായയിലെ കാപ്പ വെലോറം, ഡെൽറ്റ വെലോറം എന്നീ രണ്ടു നക്ഷത്രങ്ങളും ഉൾപ്പെടുന്നു.ഫലകം:Sfn

വിദൂരാകാശവസ്തുക്കൾ

കരീന നെബുല

1751-ൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞൻ നികൊളാസ് ലൂയി ദെ ലകലൈൽ കണ്ടെത്തിയ എൻ‌ജി‌സി 3372 കരീന നെബുല എന്ന പേരിലാണ് അറിയപ്പെടുന്നത്.ഫലകം:Sfn ഏകദേശം 8,000 പ്രകാശവർഷം അകലെയുള്ള ഇതിന്റെ വ്യാസം 300 പ്രകാശവർഷമാണ്. എമിഷൻ നെബുലയായ ഇതിന്റെ കാന്തിമാനം 8 ആണ്. കീഹോൾ നെബുല എന്ന് വിളിക്കുന്ന ഇതിന്റെ മദ്ധ്യഭാഗത്തെ കുറിച്ച് ആദ്യമായി വിശദീകരിച്ചത് 1847-ൽ ജോൺ ഹെർഷെൽ ആണ്. 1873-ൽ എമ്മ കൺവേർസ് ഇതിനെ ഒരു താക്കോൽ ദ്വാരത്തോട് ഉപമിച്ചു.[4] ഏഴ് പ്രകാശവർഷം വ്യാസമുള്ള ഈ നെബുലയിൽ പ്രധാനമായും അടങ്ങിയിരിക്കുന്നത് അയോണൈസ്ഡ് ഹൈഡ്രജൻ ആണ്. ഇതിൽ രണ്ട് പ്രധാന നക്ഷത്രരൂപീകരണ മേഖലകൾ ഉണ്ട്.ഫലകം:Sfn നഗ്നനേത്രങ്ങൾ‌ക്ക് ദൃശ്യമാകുന്ന ഒരു ഗ്രഹനീഹരികയാണ് ഹോമുൻ‌കുലസ്. ഈറ്റ കരിന എന്ന ചരനക്ഷത്രം ഇതിലാണുള്ളത്. സൈദ്ധാന്തികമായി ഒരു നക്ഷത്രത്തിനുണ്ടാകാവുന്ന ഏറ്റവും ഉയർന്ന പിണ്ഡമാണ് ഇതിനുള്ളത്. പൊട്ടിത്തെറിക്ക് പേരുകേട്ടതാണ് ഈ നക്ഷത്രം. 1840-ൽ ഒരു പൊട്ടിത്തെറിയുടെ ഫലമായി ഇത് ആകാശത്തിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളിലൊന്നായി മാറി. ഇത്തരമുള്ള ഒരു പൊട്ടിത്തെറിയുടെ ഭാഗമായാണ് ഹോമുൻകുലസ് നെബുല ഉണ്ടായത്. ഈറ്റ കരീനയെ ഒരു പ്രധാന സൂപ്പർനോവ സ്ഥാനാർത്ഥിയായി കണക്കാക്കുന്നു.ഫലകം:Sfn

എൻ‌ജി‌സി 2516 ഒരു തുറന്ന താരവ്യൂഹമാണ്. അത് വളരെ വലുതും തിളക്കമുള്ളതും നഗ്നനേത്രങ്ങൾക്ക് ദൃശ്യവുമാണ്. ഭൂമിയിൽ നിന്ന് 1100 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. ഏകദേശം 80 നക്ഷത്രങ്ങളുണ്ട് ഈ കൂട്ടത്തിൽ. അതിൽ ഏറ്റവും തിളക്കമുള്ളത് 5.2 കാന്തിമാനം ഉള്ള ചുവപ്പുഭീമൻ നക്ഷത്രമാണ്. ഭൂമിയിൽ നിന്ന് 3000 പ്രകാശവർഷം അകലെയാണെങ്കിലും ഏകദേശം ഇതേ വലിപ്പമുള്ള മറ്റൊരു തുറന്ന താരവ്യൂഹമാണ് എൻ‌ജി‌സി 3114. എൻ‌ജി‌സി 2516 നെ അപേക്ഷിച്ച് ഇത് കൂടുതൽ അയഞ്ഞതും മങ്ങിയതുമാണ്. അതിന്റെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന്റെ കാന്തിമാനം 6 മാത്രമാണ്. ഓരായത്തിലെ ഏറ്റവും പ്രധാനപ്പെട്ട തുറന്ന താരവ്യൂഹം ഐസി 2602 ആണ്, ഇതിനെ "തെക്കൻ കാർത്തിക" എന്നും വിളിക്കുന്നു. ഇതിൽ തീറ്റ കരീനയും മറ്റ് നിരവധി നക്ഷത്രങ്ങളും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയും. ഈ താരവ്യൂഹത്തിൽ ഏകദേശം 60 നക്ഷത്രങ്ങളുണ്ട്. ഐസി 2602 പോലെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന മറ്റൊരു താരവ്യൂഹമാണ് എൻ‌ജി‌സി 3532. ഏകദേശം 150 നക്ഷത്രങ്ങൾ ഇതിലുണ്ട്. ഏഴാമത്തെ കാന്തിമാനമുള്ള നിരവധി ഓറഞ്ച് ഭീമന്മാർ ഈ താരവ്യൂഹത്തിൽ ഉൾപ്പെടുന്നു. എൻ‌ജി‌സി 3532 നെക്കാൾ വളരെ അകലെയുള്ള 3.9 കാന്തിമാനമുള്ള മഞ്ഞ നിറമുള്ള നക്ഷത്രമായ ചി കരീനയാണ് നെബുലയെക്കാൾ തെളിഞ്ഞു കാണുക.ഫലകം:Sfn

എൻ‌ജി‌സി 2808

നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന എൻ‌ജി‌സി 2808 എന്ന ഗോളീയ താരവ്യൂഹവും ഓരായത്തിൽ ഉണ്ട്. ചെറിയ ദൂരദർശിനികൾ കൊണ്ടു കാണാൻ കഴിയുന്ന ഇരട്ട നക്ഷത്രങ്ങളാണ് എപ്സിലോൺ കരീനയും അപ്‌സിലോൺ കരീനയും.

ശ്രദ്ധേയമായ ഒരു ഗാലക്സി ക്ലസ്റ്റർ ആണ് ബുള്ളറ്റ് ക്ലസ്റ്റർ എന്നറിയപ്പെടുന്ന 1E 0657-56. 4,000 കോടി പ്രകാശവർഷം അകലെയുള്ള ഇൻട്രാക്ലസ്റ്റർ മീഡിയത്തിലെ ആഘാത തരംഗത്തിന് ഈ ഗാലക്സി ക്ലസ്റ്ററിന്റെ പേര് നൽകിയിട്ടുണ്ട്. ചെറിയ ഗാലക്സി ക്ലസ്റ്റർ ഇൻട്രാക്ലസ്റ്റർ മീഡിയത്തിലൂടെ സെക്കൻഡിൽ 3000–4000 കിലോമീറ്റർ വേഗതയിൽ വലിയ ക്ലസ്റ്ററിലേക്ക് നീങ്ങുന്നതാണ് ബോ ഷോക്കിന് കാരണമാകുന്നത്. ഈ ഗുരുത്വാകർഷണ പ്രതിപ്രവർത്തനം ദശലക്ഷക്കണക്കിന് വർഷങ്ങളായി തുടരുന്നതിനാൽ ചെറിയ ക്ലസ്റ്റർ നശിപ്പിക്കപ്പെടുകയും ഒടുവിൽ വലിയ ക്ലസ്റ്ററുമായി ലയിക്കുകയും ചെയ്യും.ഫലകം:Sfn

ഉൽക്കാവർഷം

ഈറ്റ കരീനീഡ്സ് ഉൽക്കാവർഷം ജനുവരി മാസത്തിലാണ് ഉണ്ടാവുക. ജനുവരി 21നാണ് ഇത് ഉച്ചസ്ഥായിയിലെത്തുന്നത്.

അവലംബം

ഫലകം:ConstellationList

"https://ml.wiki.beta.math.wmflabs.org/w/index.php?title=ഓരായം&oldid=118" എന്ന താളിൽനിന്ന് ശേഖരിച്ചത്