ജായര
ഫലകം:Prettyurl ഫലകം:Infobox Constellation
ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ് ജായര (Cygnus). ഇത് വടക്കൻ കുരിശ് എന്നും അറിയപ്പെടുന്നു. പാശ്ചാത്യലോകത്ത് ഇതിന് ഒരു അരയന്നത്തിന്റെ ആകൃതി കല്പിക്കപ്പെടുന്നു. എളുപ്പത്തിൽ തിരിച്ചറിയപ്പെടുന്ന ഒരു നക്ഷത്രരാശിയാണ് ഇത്. ആകാശഗംഗ ഇതിലൂടെ കടന്നുപോകുന്നു. ആകാശഗംഗയുടെ അതേ തലത്തിൽ തന്നെയാണ് ഇതും സ്ഥിതി ചെയ്യുന്നത്. രണ്ടാം നൂറ്റാണ്ടിലെ ജ്യോതിശാസ്ത്രജ്ഞനായ ടോളമി ലിസ്റ്റ് ചെയ്യപ്പെട്ട 48 നക്ഷത്രസമൂഹങ്ങളിലൊന്നാണ് ജായര, അത് 88 ആധുനിക നക്ഷത്രരാശികളിലൊന്ന് ആയി അവശേഷിക്കുന്നു.
ജായരയിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രമാണ് ഡെനെബ്. ഏറ്റവും അകലെ കിടക്കുന്ന ഒന്നാം കാന്തിമാനമുള്ള നക്ഷത്രവും ഡെനെബ് തന്നെയാണ്. സമ്മർ ട്രയാംഗിൾ എന്ന ആസ്റ്ററിസത്തിലെ ഒരു നക്ഷത്രം കൂടിയാണിത്. [1] ശ്രദ്ധേയമായ ചില ഏക്സ്-റേ സ്രോതസ്സുകൾ ഇതിലുണ്ട്. സിഗ്നസ് OB2 എന്ന ഭീമൻ നക്ഷത്ര അസോസിയേഷനിലെ അംഗം കൂടിയാണ് ജായര.[2] ഇതിലെ എൻ.എം.എൽ സിഗ്നി എന്ന നക്ഷത്രം അറിയപ്പെടുന്ന വലിപ്പം കൂടിയ നക്ഷത്രങ്ങളിൽ ഒന്നാണ്. ഇതിലെ സിഗ്നസ് എക്സ് -1 എന്ന വിദൂര എക്സ്-റേ ബൈനറിയിൽ ഒരു അതിഭീമൻ തമോദ്വാരം കൂടിയുണ്ട്. ഗ്രഹങ്ങളോടു കൂടിയ കുറെ നക്ഷത്രങ്ങളും ജായരയിലുണ്ട്.
ചരിത്രവും ഐതിഹ്യവും
ഗ്രീക്കുകാർ ഈ നക്ഷത്രസമൂഹത്തെ തന്റെ പിതാവിന്റെ സൂര്യരഥത്തിൽ കയറാൻ ആഗ്രഹിച്ച സൂര്യദേവനായ ഹീലിയോസിന്റെ മകൻ ഫൈഥോണിന്റെ ദുരന്തകഥയുമായാണ് ബന്ധപ്പെടുത്തിട്ടുള്ളത്. രഥവുമായി യാത്ര തുടങ്ങിയ ഫെയ്‍ത്തോൺ അത് നിയന്ത്രിക്കാൻ കഴിയാതെ കുഴങ്ങി. അതുകണ്ട് കോപിഷ്ടനായ സിയൂസ് രഥത്തെ ഒരു ഇടിമിന്നൽ ഉപയോഗിച്ച് നശിപ്പിച്ചു. രഥത്തോടൊപ്പം ഫെയ്‍ത്തോണും മരിക്കുകയും ഭൂമിയിലെ എറിഡാനസ് നദിയിലേക്ക് വീഴുകയും ചെയ്തു. ഫെയ്‍ത്തോണിന്റെ കാമുകിയായിരുന്ന സിഗ്നസ് മരണാനന്തര കർമ്മം ചെയ്യുന്നതിനു വേണ്ടി അവന്റെ ഒരു അസ്ഥിക്കഷണം കിട്ടുന്നതിനു വേണ്ടി ദിവസങ്ങളോളം തെരഞ്ഞുകൊണ്ടേയിരുന്നു. അവരുടെ രൂഢമായ സ്നേഹം കണ്ട് ദേവതകളുടെ മനസ്സലിയുകയും അവരെ അരയന്നമാക്കുകയും ആകാശത്തു പ്രതിഷ്ഠിക്കുകയും ചെയ്തു.[3]
സവിശേഷതകൾ
വടക്കും കിഴക്കും കൈകവസ്, വടക്കും പടിഞ്ഞാറും വ്യാളം, പടിഞ്ഞാറ് അയംഗിതി, തെക്ക് ജംബുകൻ, തെക്കുകിഴക്ക് ഭാദ്രപദം, കിഴക്ക് ഗൗളി എന്നിവയാണ് ജായരയുടെ അതിരുകൾ. 1922 ൽ അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച നക്ഷത്രസമൂഹത്തിന്റെ മൂന്നക്ഷരത്തിലുള്ള ചുരുക്കെഴുത്ത് "Cyg" എന്നാണ്.[4] 1930-ൽ ബെൽജിയൻ ജ്യോതിശാസ്ത്രജ്ഞനായ യൂജിൻ ഡെൽപോർട്ട് നിർവ്വചിച്ച 28 വശങ്ങളോടു കൂടിയ ബഹുഭുജാകൃതിയിലുള്ള അതിരുകളാണ് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്. ഖഗോളരേഖാംശം 19മ. 07.3മി.നും 22മ. 02.3മി.നും ഇടയിലും അവനമനം 27.73°ക്കും 61.36°ക്കും ഇടയിലുമാണ് ഇതിന്റെ സ്ഥാനം.[5] ആകാശത്തിലെ 804 ച.ഡിഗ്രി പ്രദേശമാണ് ഇതിന്റെ അതിർത്തിക്കുള്ളിലുള്ളത്. 88 നക്ഷത്രരാശികളിൽ 16-ാം സ്ഥാനമാണ് വലിപ്പം കൊണ്ട് ഇതിനുള്ളത്.[6]
ഡെൽറ്റ, എപ്സിലോൺ എന്നീ നക്ഷത്രങ്ങളാണ് ജായരയുടെ ചിറകുകൾ. ദെനെബ് അതിന്റെ വാലും അൽബിരിയോ കൊക്കും ആണ്.ഫലകം:Sfn
പതിനേഴാം നൂറ്റാണ്ടിലെ ജർമ്മൻ ഖഗോള കാർട്ടോഗ്രാഫറായ ജോഹാൻ ബയറിന്റെ നക്ഷത്രഅറ്റ്ലസ് ആയ യുറാനോമെട്രിയയിൽ ആൽഫ, ബീറ്റ, ഗാമാ എന്നീ നക്ഷത്രങ്ങളെ ചേർത്ത് കുരിശിന്റെ കുത്തനെയുള്ള ദണ്ഡായും ഡെൽറ്റയും എപ്സിലോണും എന്നിവ വിലങ്ങനെയുള്ള ദണ്ഡായും ചിത്രീകരിച്ചിരിക്കുന്നു. പി സിഗ്നി എന്ന നോവ പിന്നീട് ക്രിസ്തുവിന്റെ ശരീരമായി കണക്കാക്കപ്പെട്ടു.[7]
നക്ഷത്രങ്ങൾ
സിഗ്നസിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രമാണ് ഡെനെബ് എന്ന് വിളിക്കപ്പെടുന്ന ആൽഫ സിഗ്നി. ഇത് സ്പെക്ട്രൽ തരം A2Iae ആയ വെള്ള അതിഭീമൻ നക്ഷത്രമാണ്.ഇതിന്റെ കാന്തിമാനം 1.21നും 1.29നും ഇടയിൽ വ്യത്യാസപ്പെട്ടുക്കൊണ്ടിരിക്കുന്നു.[8] ഭൂമിയിൽ നിന്നും ഏകദേശം 3200 പ്രകാശവർഷം അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്.[9] ദെനെബ് എന്ന പേരിനർത്ഥം വാൽ എന്നാണ്. ആൽബിരിയോ എന്ന ബീറ്റ സിഗ്നിയാണ് ഇതിലെ തിളക്കമേറിയ രണ്ടാമത്തെ നക്ഷത്രം. അമേച്വർ ജ്യോതിശാസ്ത്രജ്ഞർക്ക് ഏറെ പ്രയപ്പെട്ട ഒരു ദ്വന്ദ്വനക്ഷത്രമാണിത്. ഓറഞ്ച് നിറമുള്ള പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 3.1ഉം രണ്ടാമത്തെ നീലനക്ഷത്രത്തിന്റെ കാന്തിമാനം 5.1ഉം ആണ്. 380 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[10] സദർ എന്ന് വിളിക്കപ്പെടുന്ന ഗാമാ സിഗ്നിയുടെ കാന്തിമാനം 2.2ആണ്. ഭൂമിയിൽ നിന്നും 1500 പ്രകാശവർഷം അകലെയുള്ള ഒരു മഞ്ഞ നിറമുള്ള അതിഭീമൻ നക്ഷത്രമാണ് ഇത്. സദർ എന്ന പേരിനർത്ഥം നെഞ്ച് എന്നാണ്.[11] മറ്റൊരു ദ്വന്ദ്വനക്ഷത്രമാണ് ഫവാരിസ് എന്നു പേരുള്ള ഡെൽറ്റ സിഗ്നി.[12] പ്രാഥമിക നക്ഷത്രം കാന്തിമാനം 2.9 ഉള്ള നീല നക്ഷത്രമാണ്. രണ്ടാമത്തേതിന്റെ കാന്തിമാനം 6.6 ആണ്. ഒരു ഇടത്തരം അമേച്വർ ടെലസ്കോപ് ഉപയോഗിച്ച് ഇവയെ വേർതിരിച്ച് കാണാൻ കഴിയും.[13] അൽജനാഹ് എന്ന എപ്സിലോൺ സിഗ്നിയുടെ കാന്തിമാനം 3 ആണ്.[12] ഇത് കാന്തിമാനം 2.5 ഉള്ള ഒരു ഓറഞ്ച് നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 72 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം.[14]ഫലകം:Sfn

മൂന്നു നക്ഷത്രങ്ങളടങ്ങിയ ഒരു നക്ഷത്രവ്യവസ്ഥയാണ് മ്യൂ സിഗ്നി. ഇതിലെ രണ്ടു നക്ഷത്രങ്ങൾ ഒരു ദ്വന്ദ്വവ്യവസ്ഥയുടെ ഭാഗമാണ്. മൂന്നാമത്തേതിനെ ഒരു സാധാരണ ദൂരദർശിനി കൊണ്ടു തന്നെ തിരിച്ചറിയാൻ കഴിയും. ദ്വന്ദ്വനക്ഷത്രങ്ങൾ അവയുടെ പൊതുകേന്ദ്രത്തിനു ചുറ്റും 790 വർഷം കൊണ്ട് ഒരു പ്രാവശ്യം ചുറ്റിവരുന്നു. ഭൂമിയിൽ നിന്നും 73 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. കാന്തിമാനം 4.8 ഉള്ള പ്രധാന നക്ഷത്രവും 6.2 ഉള്ള രണ്ടാമത്തെ നക്ഷത്രവും വെള്ള നിറമുള്ളവയാണ്. 30സിഗ്നി, 31സിഗ്നി എന്നിവ ഇരട്ട നക്ഷത്രങ്ങളാണ്. ഒരു ബൈനോക്കുലറിന്റെ സഹായത്താൽ ഇവയെ വേർതിരിച്ചു കാണാൻ കഴിയും. ഇതിലെ പ്രധാന നക്ഷത്രമായ 31സിഗ്നി കാന്തിമാനം 3.8 ഉള്ള ഓറഞ്ച് നക്ഷത്രമാണ്. ഭൂമിയിൽ നിന്നും 1400 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. രണ്ടാമത്തെ നക്ഷത്രമായ 30സിഗ്നി കാന്തിമാനം 4.83 ഉള്ള നീല നക്ഷത്രമാണ്. ഇത് ഭൂമിയിൽ നിന്നും 610 പ്രകാശവർഷം അകലെയാണ് ഉള്ളത്.[15] ഭൂമിയിൽ നിന്നും 11.4 പ്രകാശവഷം അകലെ കിടക്കുന്ന മറ്റൊരു ദ്വന്ദ്വനക്ഷത്രമാണ് 61സിഗ്നി. ഇതിലെ രണ്ടു നക്ഷത്രങ്ങളും ഓറഞ്ചു നിറമുള്ള മുഖ്യധാരാ നക്ഷത്രങ്ങളാണ്. പ്രധാന നക്ഷത്രത്തിന്റെ കാന്തിമാനം 5.2ഉം രണ്ടാമത്തേതിന്റേത് 6.1ഉം ആണ്. ആദ്യമായി ദിഗ്ഭ്രംശം നിർണ്ണയിച്ച നക്ഷത്രമാണ് 61സിഗ്നി. ഫ്രഡറിക് വിൽഹെം ബെസ്സൽ എന്ന ശാസ്ത്രജ്ഞനാണ് ഇതിന്റെ ദിഗഭ്രംശം നിർണ്ണയിച്ചത്.

എക്സ്-റേ വികിരണങ്ങൾ പുറപ്പെടുവിക്കുന്ന സിഗ്നസ് എക്സ്-1 ഈറ്റ സിഗ്നിയുടെ സമീപത്താണ് സ്ഥിതി ചെയ്യുന്നത്. സിഗ്നസ് എക്സ്-1 ഒരു തമോഗർത്തമാണെന്നാണ് കരുതുന്നത്. തമോദ്വാരമെന്ന് വിശ്വസിക്കപ്പെടുന്ന ആദ്യത്തെ എക്സ്-റേ ഉറവിടമാണിത്. ജായരയിൽ വേറെയും ചില എക്സ്-റേ ഉറവിടങ്ങൾ ഉണ്ട്. 4.8 മണിക്കൂർ കൊണ്ട് ഒരു ഭ്രമണം പൂർത്തിയാക്കുന്ന മൈക്രോക്വാസാറാണ് സിഗ്നസ് എക്സ്-3.[16][17] വളരെ ഉയർന്ന തോതിൽ എക്സ്-റേ വികിരണങ്ങൾ പുറത്തു വിടുന്ന ഒന്നാണ് ഇത്.[18] ഇതിലുണ്ടാവുന്ന പൊട്ടിത്തെറികളുടെ ഫലമായി മ്യൂവോണുകൾ ഉത്ഭവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.[19][20] മറ്റൊരു എക്സ്-റേ ദ്വന്ദ്വമാണ് സിഗ്നസ് എക്സ്-2. ഇതിൽ ഒരു എ ടൈപ്പ് ഭീമൻ നക്ഷത്രം ഒരു ന്യൂട്രോൺ നക്ഷത്രത്തെ 9.8 ദിവസം കൊണ്ട് പരിക്രമണം ചെയ്യുന്നു.[21] മിക്ക മില്ലിസെക്കന്റെ പൾസാറുകൾക്കും പിണ്ഡം കൂടിയ കൂട്ടാളി നക്ഷത്രങ്ങളാണ് ഉള്ളതെങ്കിൽ ഇതിന്റെ സുഹൃദനക്ഷത്രം താരതമ്യേന പിണ്ഡം കുറഞ്ഞതാണ്.[22] മറ്റൊരു തമോഗർത്തമാണ് V404 സിഗ്നി. സൂര്യന്റെ 12 മടങ്ങ് പിണ്ഡമുള്ള മറ്റൊരു കെ ടൈപ്പ് നക്ഷത്രം ഇതിനെ പരിക്രമണം ചെയ്യുന്നുണ്ട്.[23] മറ്റൊരു എക്സ്-റേ ദ്വന്ദ്വമാണ് 4U 2129+ 47. ഇടക്കിടക്ക് പൊട്ടിത്തെറികൾ ഉണ്ടാകുന്ന ന്യൂട്രോൺ നക്ഷത്രമാണ് ഇതിലൊന്ന്.[24]
7-8 ആഴ്ചകളിലൊരിക്കൽ പൊട്ടിത്തെറിക്കുന്ന ഒരു കുള്ളൻ നോവയാണ് എസ് എസ് സിഗ്നി. കാന്തിമാനം 8നും 12നും ഇടക്ക് മാറിക്കൊണ്ടിരിക്കുന്ന ഒരു ചരനക്ഷത്രമാണ് ഇത്. ഇതിലെ രണ്ടു നക്ഷത്രങ്ങളും വളരെ അടുത്ത് സ്ഥിതി ചെയ്യുന്നവയാണ്. ഏഴു മണിക്കൂറിൽ താഴെ മാത്രമാണ് ഇവയുടെ പരിക്രമണകാലം.[25] ചുവപ്പുഭീമൻ നക്ഷത്രമായ ചി സിഗ്നി തിളക്കത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന മിറാ ചരനക്ഷത്രമാണ്. ഇതിന്റെ കാന്തിമാനം 408 ദിവസം കൊണ്ട് 3നും 124.2നും ഇടയിൽ മാറിക്കൊണ്ടിരിക്കും.[26] ഭൂമിയിൽ നിന്ന് 350 പ്രകാശവർഷം അകലെ കിടക്കുന്ന ഈ നക്ഷത്രത്തിന് സൂരന്റെ 300 മടങ്ങ് വ്യാസമുണ്ട്. പി സിഗ്നി ലൂമിനസ് ബ്ലൂ വേരിയബിൾ ആണ്. എ.ഡി.ഇ. 1600ൽ ഇതിന്റെ കാന്തിമാനം 3 വരെ ഉയരുകയുണ്ടായി. 1715 വരെ കാന്തിമാനം 5 ആയി നിലനിന്നു.[27] ഭൂമിയിൽ നിന്നും 5000 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഇതിനെ ചുറ്റിക്കിടക്കുന്ന നെബുലയുടെ സ്വാധീനഫലമായി ഇതിന്റെ സ്പെക്ട്രത്തിൽ അസാധാരണമായ ഉദ്‍വമന രേഖകൾ കാണപ്പെടുന്നു.[28] ഡബ്ല്യു സിഗ്നി എന്ന ചുവപ്പു ഭീമൻ ഭൂമിയിൽ നിന്ന് 618 പ്രകാശവർഷം അകലെയുള്ള ഒരു അർദ്ധ-ചരനക്ഷത്രമാണ്. 131 ദിവസം കൊണ്ട് ഇതിന്റെ കാന്തിമാനം 5.10നും 6.83നും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. ഭൂമിയിൽ നിന്ന് 5,300 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഒരു ചുവന്ന അർദ്ധചര നക്ഷത്രമാണ് എൻ എം എൽ സിഗ്നി. ആകാശഗംഗയിലെ നിലവിൽ അറിയപ്പെടുന്ന ഏറ്റവും വലിയ നക്ഷത്രങ്ങളിൽ ഒന്നാണിത്. ഇതിന് സൂര്യന്റെ 1000 മടങ്ങ് വലിപ്പമുണ്ട്.[29]
ജായരയിലെ മറ്റൊരു ദ്വന്ദ്വനക്ഷത്രവ്യവസ്ഥയാണ് KIC 9832227. 2022-ൽ രണ്ട് നക്ഷത്രങ്ങളും കൂടിച്ചേരുമെന്ന് പ്രവചിക്കപ്പെട്ടിട്ടുണ്ട്. ഇതോടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന മറ്റൊരു നക്ഷത്രം കൂടി ഉണ്ടായി വരും. [30] തിളക്കത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിൽ മൂലം ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നക്ഷത്രമാണ് ടോബിയുടെ നക്ഷത്രം എന്നറിയപ്പെടുന്ന KIC 8462852.[31]
സൗരയൂഥേതരഗ്രഹങ്ങൾക്കു വേണ്ടിയുള്ള തിരച്ചിലിൽ കെപ്ലർ ഉപഗ്രഹം സർവേ നടത്തിയ നക്ഷത്രസമൂഹങ്ങളിലൊന്നാണ് ജായര. അതിന്റെ ഫലമായി സിഗ്നസിൽ അറിയപ്പെടുന്ന ഗ്രഹങ്ങളുള്ള നൂറോളം നക്ഷത്രങ്ങളുെ കണ്ടെത്തിയിട്ടുണ്ട്. ഗ്രഹങ്ങളോടു കൂടിയ നക്ഷത്രങ്ങളെ ഏറ്റവും കൂടുതൽ കണ്ടെത്തിയിട്ടുള്ള രാശിയാണ് ജായര.[32] കെപ്ലർ 11ന് ആറ് ട്രാൻസിറ്റ് ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ ഗ്രഹങ്ങളെല്ലാം തന്നെ ഓരേ തലത്തിലാണ് ഗ്രഹത്തെ പരിക്രമണം ചെയ്യുന്നത്. സൂര്യനേക്കാൾ താപനില കുറഞ്ഞ നക്ഷത്രമാണ് ഇത്. ഇതിന്റെ ഗ്രഹങ്ങളെല്ലാം നക്ഷത്രത്തോട് വളരെ അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. അവസാനത്തെ ഗ്രഹമായ കെപ്ലർ-11 സൂര്യനും ബുധനും തമ്മിലുള്ള അകലത്തെക്കാൾ അടുത്താണ് ഉള്ളത്. എല്ലാ നക്ഷത്രങ്ങളും ഭൂമിയേക്കാൾ പിണ്ഡം കൂടിയവയാണ്.[33] ഭൂമിയിൽ നിന്നും 70 പ്രകാശവർഷം അകലെ കിടക്കുന്ന 16 സിഗ്നി നഗ്നനേത്രങ്ങൾ കൊണ്ടു കാണാൻ കഴിയുന്ന നക്ഷത്രമാണ്. മൂന്നു നക്ഷത്രങ്ങളടങ്ങിയ ഈ ബഹുനക്ഷത്രവ്യവസ്ഥയിൽ രണ്ടെണ്ണം സൂര്യനെ പോലെയുള്ളവയും ഒരെണ്ണം ചുവപ്പു കുള്ളനുമാണ്.[34] ഇതിലെ സൂര്യനെ പോലെയുള്ള ഒരു നക്ഷത്രത്തിന് ഗ്രഹം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടു്.[35] ഒരു മഞ്ഞനക്ഷത്രവും ഒരു ചുവപ്പു കുള്ളനും ചേർന്ന ഗ്ലൈസ് 777 എന്ന നക്ഷത്രവ്യവസ്ഥയിലും ഒരു ഗ്രഹത്തെ കണ്ടെത്തിയിട്ടുണ്ട്. ഇത് വ്യാഴത്തിനു സമാനമായ ഗ്രഹമാണ്. എന്നാൽ പിണ്ഡവും ഭ്രമണപഥത്തിന്റെ ഉദ്കേന്ദ്രതയും വ്യാഴത്തിനേക്കാളും അല്പം കൂടുതലാണ്.[36][37] കെപ്ലർ 22നും ഒരു ഗ്രഹമുണ്ട്. 2011ൽ കണ്ടെത്തിയ ഈ ഗ്രഹം ഭൂമിക്കു സമാനമായതാണ്.[38]
ജ്യോതിശാസ്ത്രവസ്തുക്കൾ

M29, M39 എന്ന മെസ്സിയർ വസ്തുക്കൾ ഈ നക്ഷത്രരാശിയിലുണ്ട്. ഇവ രണ്ടും ഓപ്പൺ ക്ലസ്റ്ററുകളാണ്. വടക്കേ അമേരിക്കൻ നീഹാരിക (North American Nebula), പെലിക്കൻ നീഹാരിക (Pelican Nebula), ക്രെസന്റ് നീഹാരിക (Crescent Nebula), വെയ്ൽ നീഹാരിക (Veil Nebula) എന്ന നീഹാരികകളും ഈ നക്ഷത്രരാശിയിലാണ്. വെയ്ൽ നീഹാരിക ഒരു സൂപ്പർനോവാ അവശിഷ്ടമാണ്. ഈ നക്ഷത്രരാശിയിലെ Cygnus X-1 എന്ന തമോദ്വാരം ഒരു റേഡിയോ പ്രഭവകേന്ദ്രമാണ്.
M39 (NGC 7092) ഭൂമിയിൽ നിന്ന് 950 പ്രകാശവർഷം അകലെയുള്ള ഒരു തുറന്ന താരവ്യൂഹമാണ്.ഇതിനെ നഗ്നനേത്രങ്ങൾ കൊണ്ടും കാണാൻ കഴിയും. 30 നക്ഷത്രങ്ങൾ മാത്രമുള്ള ഒരു അയഞ്ഞ താരവ്യൂഹമാണ് ഇത്. ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ തിളക്കം 7 ആണ്.ഫലകം:Sfn ജായരയിലെ മറ്റൊരു തുറന്ന താരവ്യൂഹം എൻ ജി സി 6910 ആണ്. ഇതിനെ റോക്കിങ് ഹോഴ്സ് നെബുല എന്നും വിളിക്കുന്നു. ചെറിയ ഒരു അമേച്വർ ദൂരദർശിനിയിൽ കൂടി കാണാൻ കഴിയുന്ന ഇതിൽ ആകെ 16 നക്ഷത്രങ്ങൾ മാത്രമേ ഉള്ളു. ഇതിന്റെ കാന്തിമാനം 7.4 ആണ്.

ജായരയിലെ മറ്റ് തുറന്ന താരവ്യൂഹങ്ങൾ ഡോളിഡ്സ് 9, കോളിൻഡർ 421, ഡോളിഡ്സ് 11, ബെർക്ക്ലി 90 എന്നിവയാണ്. ഡോളിഡ്സ് 9 ഭൂമിയിൽ നിന്ന് 2800 പ്രകാശവർഷം അകലെയാണുള്ളത്. ഇതിന്റെ പ്രായം ഏകദേശം 20 ദശലക്ഷം പ്രകാശവർഷമാണ്. ഇടത്തരം അമേച്വർ ടെലിസ്കോപ്പുകളിലൂടെ 22 നക്ഷത്രങ്ങൾ വരെ കാണാവുന്ന ഒരു മങ്ങിയ തുറന്ന താരാവ്യൂഹമാണ് ഇത്. ഇതിന് 7 കോണീയമിനുറ്റ് വ്യാസമുണ്ട്. ഇതിലെ ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന്റെ കാന്തിമാനം 7 ആണ്. 4 വർഷം പഴക്കമുള്ള ഒരു തുറന്ന താരവ്യൂഹമാണ് ഡോളിഡ്സ് 11. ഭൂമിയിൽ നിന്ന് 3700 പ്രകാശവർഷം അകലെയാണ് ഇതിന്റെ സ്ഥാനം. ഒരു അമേച്വർ ദൂരദർശിനിയിലൂടെ നോക്കിയാൽ 10ലധികം നക്ഷത്രങ്ങൾ കാണാൻ കഴിയും. ഇതിലെ ഏറ്റവും തിളക്കം കൂടിയ നക്ഷത്രത്തിന്റെ കാന്തിമാനം 7.5 ആണ്. ഭൂമിയിൽ നിന്ന് 3100 പ്രകാശവർഷം അകലെയുള്ള കോളിൻഡർ 421ന് ഏകദേശം നൂറു കോടി വർഷമാണ് പ്രായം കണക്കാക്കിയിരിക്കുന്നത്. 8 കോണീയമിനിറ്റ് വ്യാസമുള്ള ഇതിൽ 30 നക്ഷത്രങ്ങൾ വരെ കാണാം. ഒരു അമേച്വർ ദൂരദർശിനിയിലൂടെ 16ലധികം നക്ഷത്രങ്ങളെ വരെ കാണാൻ കഴിയും.[39]
NGC 6826 മിന്നിക്കൊണ്ടിരിക്കുന്ന ഒരു ഗ്രഹ നീഹാരികയാണ്. ഭൂമിയിൽ നിന്ന് 3200 പ്രകാശവർഷം അകലെയുള്ള ഇതിന്റെ കാന്തിമാനം 8.5 ആണ്. ഇതിന്റെ മദ്ധ്യഭാഗത്തുള്ള ഒരു നക്ഷത്രത്തിന്റെ അസാധാരണമായ തിളക്കം കാരണം ദൂരദർശിനിയിലൂടെ നോക്കുമ്പോൾ നെബുല മിന്നിത്തിളങ്ങുന്നതായി കാണും.ഫലകം:Sfn നോർത്ത് അമേരിക്ക നെബുല (NGC 7000) ജായരയിലെ ഏറ്റവും പ്രശസ്തമായ നെബുലകളിൽ ഒന്നാണ്. നല്ല ഇരുട്ടുള്ള രാത്രിയിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന നീഹാരികകളിൽ ഒന്നാണിത്. ഇതിന് 2 ഡിഗ്രി വ്യാസമാണുള്ളത്. ഭൂമിയിൽ നിന്ന് 7500 പ്രകാശവർഷം അകലെയാണ് ഇതുള്ളത്.ഫലകം:Sfn
എപ്സിലോൺ സിഗ്നിയുടെ തെക്കുഭാഗത്ത് കാണുന്ന വെയ്ൽ നെബുല 5000 വർഷം പഴക്കമുള്ള ഒരു സൂപ്പർ നോവയുടെ അവശിഷ്ടമാണ്. ആകാശത്തു നോക്കുമ്പോൾ 3 ഡിഗ്രി വ്യാസത്തിൽ കാണുന്ന ഇത് ഭൂമിയിൽ നിന്ന് 50 പ്രകാശവർഷം അകലെയാണുള്ളത്.ഫലകം:Sfn രൂപത്തിന്റെ പ്രത്യേകത കാരണം ഇതിനെ സിഗ്നസ് ലൂപ്പ് എന്നും വിളിക്കുന്നു. ലോങ് എക്സ്പോഷർ ആസ്ട്രോഫോട്ടോഗ്രാഫുകളിൽ മാത്രമേ ഈ ലൂപ്പ് ദൃശ്യമാകൂ.

മനുഷ്യ മുഖവുമായി സാദൃശ്യം ഉള്ളതിനാൽ DR 6 നെബുലക്ക് "താരാപഥത്തിലെ പിശാച്" എന്ന വിളിപ്പേരുമുണ്ട്.[40] ജായരയിൽ സ്ഥിതിചെയ്യുന്ന ഒരു ഇരുണ്ട നെബുലയാണ് സിഗ്നസ് റിഫ്റ്റ് എന്നുകൂടി അറിയപ്പെടുന്ന വടക്കൻ കോൾസാക്ക് നെബുല.

ഗാമാ സിഗ്നി നെബുല (ഐസി 1318) പ്രകാശമുള്ളതും ഇരുണ്ടതുമായ രണ്ടു തരം നെബുലകളും ചേർന്നതാണ്. 4 ഡിഗ്രി വിസ്തൃതി ഉണ്ട് ഇതിന്.DWB 87 ഒരു എമിഷൻ നെബുലയാണ്. ഗാമാ സിഗ്നിയുടെ അടുത്തായാണ് ഇതിനെ കാണുക. മറ്റു രണ്ട് എമിഷൻ നെബുലകളാണ് ഷാർപ്‌ലെസ് 2-112, ഷാർപ്പ്‌ലെസ് 2-115 എന്നിവ. ഒരു അമേച്വർ ദൂരദർശിനിയിലൂടെ നോക്കുമ്പോൾ ഷാർപ്പ്‌ലെസ് 2–112 ഒരു കണ്ണുനീർകണം പോലെ കാണാം. ഈ നെബുലയുടെ വ്യാസം 15 കോണീയമിനുറ്റ് ആണ്. ഷാർപ്പ്‍ലെസ് 2-115 പ്രകാശത്തിന്റെയും ഇരുണ്ട പാടുകളുടെയും സങ്കീർണ്ണ പാറ്റേൺ ഉള്ള മറ്റൊരു എമിഷൻ നെബുലയാണ്. ഗാമ സിഗ്നിക്കും ഈറ്റ സിഗ്നിക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ക്രസന്റ് നെബുലയും (NGC 6888) ശ്രദ്ധേയമായതാണ്. സിഗ്നസ്- എക്സ് സൗരയൂഥത്തിനടുത്തുള്ള വലിയൊരു നകഷത്രരൂപീകരണമേഖലയാണ്.
സമീപ വർഷങ്ങളിൽ അമേച്വർ ജ്യോതിശാസ്ത്രജ്ഞർ ശ്രദ്ധേയമായ ചില കണ്ടെത്തലുകൾ ജായരയിൽ നടത്തിയിട്ടുണ്ട്. ക്രസന്റ് നെബുലയ്ക്ക് സമീപമുള്ള "സോപ്പ് ബബിൾ നെബുല" (PN G75.5+1.7) കണ്ടെത്തിയത് 2007 ൽ ഡേവ് ജുറാസെവിച്ച് എന്ന അമേച്വർ അസ്ട്രോണമറാണ്. ഒരു ഡിജിറ്റൽ ചിത്രം വിശകലനം ചെയ്താണ് കണ്ടെത്തിയത്. 2011 ൽ ഓസ്ട്രിയൻ അമേച്വർ മത്തിയാസ് ക്രോൺബെർഗർ പഴയ ചില ചിത്രങ്ങൾ പരിശോധിച്ച് ഒരു നെബുല (ക്രോൺബെർഗർ-16) കണ്ടെത്തി. ജെമിനി ഒബ്‌സർവേറ്ററിയുടെ ചിത്രങ്ങളിൽ നിന്ന് അടുത്തിടെ സ്ഥിരീകരിക്കുകയുണ്ടായി. ഇവ രണ്ടും ഒരു ചെറിയ അമേച്വർ ദൂരദർശിനികൾ ഉപയോഗിച്ച് കണ്ടുപിടിക്കാൻ കഴിയാത്തവിധം വളരെ മങ്ങിയതാണ്. 4 സിഗ്നി നക്ഷത്രത്തിനടുത്തുള്ള ഒരു നെബുല ആദ്യമായി കണ്ടെത്തിയത് 2007ൽ സ്റ്റീഫൻ വാൽഡി ആണ്. പിന്നീട് 2010ൽ അൽ ഹൊവാർഡ് ഇത് സ്ഥിരീകരിക്കുകയുണ്ടായി.
ആദ്യമായി കണ്ടെത്തിയ റേഡിയോ താരാപഥമാണ് സിഗ്നസ് എ. ഭൂമിയിൽ നിന്നും 730 പ്രകാശവർഷം അകലെ കിടക്കുന്ന ഈ ദീർവൃത്താകാര താരാപഥമാണ് സൗരയൂഥത്തിനോട് ഏറ്റവും അടുത്തു കിടക്കുന്ന റേഡിയോ താരാപഥം. ഇതിന്റെ കേന്ദ്രത്തിൽ ഒരു അതിഭീമൻ തമോദ്വാരം ഉള്ളതിനാൽ ഇത് ഒരു സജീവ താരാപഥമായി പരിഗണിക്കുന്നു.[41]
Cyg അഥവാ അൽബിരിയോ ഒരു ഇരട്ടനക്ഷത്രമാണ്. ഇതിലെ നക്ഷത്രങ്ങൾ ഒരു സാധാരണ ദൂരദർശിനിയുപയോഗിച്ച് വേർതിരിച്ച് കാണാനാകുന്നതും വ്യത്യസ്ത വർണ്ണങ്ങളുള്ളതുമാണ്. Cyg അഥവാ ഡെനബ്, ഗരുഡൻ രാശിയിലെ തിരുവോണം, അയംഗിതി രാശിയിലെ വേഗ എന്നിവ ആകാശത്ത് ഒരു ത്രികോണം നിർമ്മിക്കുന്നു. ഇത് ഗ്രീഷ്മ ത്രികോണം (Summer Triangle) എന്നറിയപ്പെടുന്നു.
അവലംബം
ഫലകം:Astrostub ഫലകം:ConstellationList
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ P.K. Chen (2007) A Constellation Album: Stars and Mythology of the Night Sky, p. 70 (ഫലകം:ISBN).
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite web
- ↑ ഫലകം:Cite book
- ↑ ഫലകം:Cite book
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ 12.0 12.1 ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite web
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite web
- ↑ ഫലകം:Cite book
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite web
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite web
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite news
- ↑ ഫലകം:Cite journal
- ↑ ഫലകം:Cite APOD
- ↑ ഫലകം:Cite book